ഒരു വര്‍ഷത്തിന് ശേഷം കോടിയേരി; എറണാകുളത്ത് മൂന്നാം ഊഴത്തിന് സാധ്യത
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തില്‍ ദുരിതകാലം അതിജീവിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നത്. സിപിഎമ്മില്‍ രണ്ടാമനായാണ് കോടിയേരിയുടെ മടക്കം. സമ്മേളനകാലത്ത് തന്നെ തിരിച്ചുവരവ് സിപിഎമ്മില്‍ അസാധാരണമാണ്.
ആലപ്പുഴ സമ്മേളനത്തില്‍ പിണറായിയുടെ പകരക്കാരനായി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് ചുമതലയേറ്റ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഎം മാനദണ്ഡമനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളത്ത് കോടിയേരിക്ക് മൂന്നാമൂഴമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരില്‍ വ്യത്യസ്തനായിരുന്നു. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും വിജയങ്ങളും ഉയര്‍ച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്‌ഐ നേതാവായത് മുതല്‍ മുതല്‍ 2018ല്‍ രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയാകും വരെയും അതില്‍ മാറ്റമുണ്ടായില്ല. 2019ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല.
രോഗത്തിലും വീഴാത്ത പാര്‍ട്ടി സെക്രട്ടറി, പക്ഷേ മകന്‍ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസില്‍ തളര്‍ന്നു. രണ്ട് നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെയാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാന്‍ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്‌നങ്ങളെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ചിലകാര്യങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു.
ആരോഗ്യപ്രശ്‌നം തന്നെയാണ് പ്രധാനമായും സ്ഥാനമൊഴിയാന്‍ കാരണം. എന്നാലും മയക്കുമരുന്ന് കേസ് എന്നൊരു ആരോപണം വന്നപ്പോള്‍ മകന്‍ അതില്‍ ഉള്‍പ്പെടുന്നത് ഒരു പ്രശ്‌നമല്ലേ എന്ന് തോന്നി. ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാവില്ലേ എന്നത് കൂടി മനസ്സില്‍ കണ്ടാണ് ലീവ് വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. ബിനീഷ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് എടുത്തത്. എന്നാല്‍ ആ കേസില്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ മയക്കുമരുന്ന് കേസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസായി മാറിയെന്നും കോടിയേരി അന്ന് വ്യക്തമാക്കിയിരുന്നു.
സിപിഎമ്മില്‍ സൗമ്യനും,സംഘാടകനും, മിടുക്കനുമായിരുന്നു കോടിയേരി. തലശ്ശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാല്‍പത്തിയൊന്‍പതാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരന്‍ പിണറായി വിജയന്റെ പിന്‍ഗാമിയായി.
2020 നവംബറില്‍ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുന്‍നിര്‍ത്തിയാണ്.
സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിന്റെ നിര്‍ണായക ഇടപെടലുകള്‍ പ്രകടമായിരുന്നു.

