ദേശീയവിദ്യാഭ്യാസനയത്തിനെതിരായ പരാമർശം: കമൽഹാസന് പിന്നാലെ നടൻ സൂര്യക്ക് രജനീകാന്തിന്റെ പിന്തുണ

Update: 2019-07-23 02:24 GMT

ചെന്നൈ: കേന്ദ്രത്തിന്റെ നിർദിഷ്ട ദേശീയവിദ്യാഭ്യാസനയത്തിനെതിരേ തമിഴ് നടൻ സൂര്യ നടത്തിയ പരാമർശങ്ങൾക്ക് പിന്തുണയേറുന്നു. നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസനടക്കം സിനിമാമേഖലയിൽനിന്നുള്ള പ്രമുഖർ സൂര്യക്ക് പിന്തുണയറിയിച്ചതിന് പിന്നാല സൂപ്പർസ്റ്റാർ രജനീകാന്തും അദ്ദേഹത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുണ്ട്. സൂര്യക്കെതിരേ ബിജെപിയും എഐഎഡിഎംകെയും വിമർശനവുമായി രംഗത്തുള്ളപ്പോഴാണ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരിക്കുന്ന രജനിയുടെ പിന്തുണ.

കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന, സൂര്യയുടെ പുതിയ ചലച്ചിത്രം കാപ്പാന്റെ ഓഡിയോ റിലീസിൽ പങ്കെടുത്തപ്പോഴാണ് രജനീകാന്ത് പിന്തുണയറിയച്ചത്. "സൂര്യ പങ്കുവെച്ച ആശങ്കകളോട് ഞാനും യോജിക്കുന്നു. ഒരുപാടുപേർക്ക് അദ്ദേഹം വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നയാളാണ് സൂര്യ. അതുകൊണ്ടാണ് സൂര്യ പ്രതികരിച്ചത്. രജനി പറഞ്ഞിരുന്നെങ്കിൽ പ്രധാനമന്ത്രി ഈ വിഷയമറിഞ്ഞേനെ എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ സൂര്യ പറഞ്ഞത് ഇതിനകംതന്നെ മോദി അറിഞ്ഞിട്ടുണ്ടാകും"- രജനീകാന്ത് പറഞ്ഞു.

എല്ലാവർക്കും തുല്യവിദ്യാഭ്യാസം നൽകാതെ കോഴ്‌സുകളിലേക്ക് പൊതുപ്രവേശനപ്പരീക്ഷ ഏർപ്പെടുത്തുന്നതിൽ എന്ത് ന്യായമാണുള്ളതെന്നാണ് കഴിഞ്ഞയാഴ്ച ഒരു പരിപാടിയിൽ സൂര്യ ചോദിച്ചത്. ത്രിഭാഷാപദ്ധതി ഏർപ്പെടുത്തുന്നതിനെയും താരം വിമർശിച്ചിരുന്നു. വിവിധ പ്രതിപക്ഷകക്ഷികളുടെ നേതാക്കളും സൂര്യക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

Similar News