കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു;10 ദിവസത്തിനിടേ ചത്തത് പതിനഞ്ചോളം പന്നികള്‍

പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Update: 2022-08-01 05:11 GMT

കണ്ണൂര്‍: കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്.പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് ഇവിടെ രോഗം ബാധിച്ച് ചത്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് വൈറസ് പടരുകയില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ഇന്നു മുതല്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങും. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കര്‍ഷകര്‍. നൂറ് കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15000 രൂപയാണ് നഷ്ടപരിഹാരം. ഇത് അപര്യാപ്തമെന്നാണ് കര്‍ഷകരുടെ പരാതി. സംസ്ഥാനത്തേക്കുള്ള പന്നി കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്.

Tags:    

Similar News