ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ പന്നികളെ ഇന്ന് മുതല്‍ കൊന്നുതുടങ്ങും

Update: 2022-07-24 02:51 GMT

കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധസംഘം വയനാട്ടിലെത്തി. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്. ഫാമിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുക.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കര്‍ഷകര്‍. നഷ്ടപരിഹാരം കൂട്ടിനല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സാഹചര്യം വിലയിരുത്താന്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നി ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags: