ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനി; കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം

Update: 2022-11-27 14:23 GMT

ഇടുക്കി: ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ മൃഗസംരക്ഷണ വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കണം. പന്നിപ്പനിക്കെതിരെ ആവശ്യമായ ബോധവത്കരണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനറല്‍ നോഡല്‍ ഓഫിസറായി ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായരെയും, വെറ്ററിനറി നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കുര്യന്‍ കെ ജേക്കബിനേയും (9447105222) നിയമിച്ചതായും ജനറല്‍ നോഡല്‍ ഓഫിസര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരെയും ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ 167 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്റര്‍ ആക്കി മാറ്റുന്നത്. കരിങ്കുന്നം, ഉടുമ്പഞ്ചോല, കരുണാപുരം, വേണ്ടന്മേട് എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് പഞ്ചായത്തുകള്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്. പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ ആധികാരിക രേഖകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റല്‍ ലോക്കറിലാക്കുന്ന എബിസിഡി പദ്ധതിയുടെ ഭാഗമായി കാംപയിന്‍ സംഘടിപ്പിക്കുകയും 1585 പേര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായുള്ള രേഖകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

മാങ്കുളം, കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ വനത്തിനുള്ളിലും, വനമേഖലകള്‍ക്ക് സമീപവും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് ലഭിച്ച 6 അപേക്ഷകരുടെ ഭൂമി 52.50 ലക്ഷം രൂപ നല്‍കി വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളതായും പുതുതായി ലഭിച്ച 5 അപേക്ഷകളുമായി ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നതായി മറയൂര്‍ ഡിഎഫ്ഒയും, മാങ്കുളം ഡിവിഷനില്‍ പദ്ധതിയ്ക്കായി നാളിതുവരെ ഒരു സെറ്റില്‍മെന്റിനെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാങ്കുളം ഡിഎഫ്ഒയും യോഗത്തില്‍ അറിയിച്ചു.

നെടുംകണ്ടത്ത് 9.5 കോടി മുതല്‍ മുടക്കി നിര്‍മിക്കുന്ന സ്‌റ്റേഡിയത്തില്‍ 4.5 കോടി രൂപയുടെ സിവില്‍ & ഇലക്ട്രിക്കല്‍ വര്‍ക്കുകളും 5.03 കോടി രൂപയുടെ സ്‌പെഷ്യലൈസ്ഡ് സിന്തറ്റിക്ക് ട്രാക്കിന്റെ വര്‍ക്കുമാണ് ഉള്ളത്. ഇതില്‍ 95 ശതമാനത്തോളം സിവില്‍ & ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ സഹകരണത്തോടെ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തിന്റെ ഏരിയ ഫിനീഷിങ്ങ് വര്‍ക്കുകള്‍ നടക്കുകയാണെന്നും ഡിസംബര്‍ 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാണ ഏജന്‍സി അറിയിച്ചതായും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

ലഹരിമുക്ത കേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം 2022 നവംബര്‍ 14 മുതല്‍ 2023 ജനുവരി 26 വരെ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഇതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും എക്‌സൈസ് അധികൃതര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. എഡിഎം ഷൈജു പി ജേക്കബ്, സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ എം എം ബഷീര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News