വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണമേഖല
കല്‍പറ്റ: വയനാട് ജില്ലയില്‍ രണ്ട് വാര്‍ഡുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗസ്ഥിരീകരണം നടന്ന പ്രദേശങ്ങളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണമേഖലയായി പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33 ലെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ലെയും പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറോട്ടറിയിലെ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നിപ്പനി പടരുന്നത് തടയാന്‍ ജില്ലയില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റവന്യു ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണം, പോലീസ്, വനം വകുപ്പുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ പന്നികളെ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്മൂലം ചെയ്യും. പത്ത് കിലോമീറ്റര്‍ പരിധി രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു.
ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നും പന്നിമാസം വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ഇവിടെ നിന്നും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിനും വിലക്കേര്‍പ്പെടുത്തി. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെ എല്ലാ പന്നികളെയും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ഉടന്‍ ഉന്‍മൂലനം ചെയ്യും. ജഡം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സംസ്‌ക്കരിക്കും.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേയ്ക്ക് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഇവയെയും നിരീക്ഷിക്കും. രോഗം സ്ഥീരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയില്‍ പോലിസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക.
പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനികളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ട നഗരസഭ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍, ഡയറി ഡിവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിക്കണം. വെറ്ററിനറി ഓഫിസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കണം.

