പാലക്കാട്ട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തിരുമിറ്റക്കോട് പഞ്ചായത്തിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്

Update: 2025-12-15 14:29 GMT

പാലക്കാട്: കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പാലക്കാട് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് 'രോഗബാധിത പ്രദേശമായി' പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ 'രോഗനിരീക്ഷണ മേഖലയായും' പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. രോഗബാധിത പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് രോഗവ്യാപനം തടയാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Tags: