വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി;കര്‍ഷകര്‍ ആശങ്കയില്‍

ഫാമില്‍ 200 പന്നികളുണ്ട്, ഇവയെ കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു

Update: 2022-08-01 06:09 GMT

വയനാട്:വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്പിള്‍ പരിശോധന്ക്ക് അയക്കുകയായിരുന്നു.

ഫാമില്‍ 200 പന്നികളുണ്ട്. ഇവയെ കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുക. നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാല്‍, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കര്‍ഷകര്‍. നഷ്ടപരിഹാരം കൂട്ടിനല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പന്നി ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനുള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags:    

Similar News