അഫ്ഗാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

Update: 2021-09-08 15:03 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സുരക്ഷാ സമിതി സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമായ നിക്കൊളയ് പട്രുഷെവുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലടക്കം പ്രദേശത്ത് സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനല്‍കി.

റഷ്യന്‍ എംബസി നല്‍കുന്ന വിവരമനുസരിച്ച് റഷ്യ-ഇന്ത്യ സുരക്ഷ, സഹകരണം, തുടങ്ങി അന്തര്‍ദേശീയ അജണ്ടയടക്കമുള്ള പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

അഫ്ഗാനില്‍ അധികാരം പിടിച്ച സാഹചര്യത്തില്‍ പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ പരസ്പരം പങ്കുവച്ചു.

ഷാങ്ഹായ് കോര്‍പറേഷന്‍, ബ്രിക്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളിലേക്കും ചര്‍ച്ച വികസിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ഇന്ത്യയിലെത്തിയ പട്രുഷെവ് ബുധനാഴ്ച രാവിലെ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിനു പുറമെ നിരവധി ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. 

അഫ്ഗാനില്‍ രൂപപ്പെടാനിടയുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം യോജിച്ച് ബഹുമുഖതന്ത്രങ്ങളാവിഷ്‌കരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. അഫ്ഗാനിലെ വിവിധ വിഭാഗങ്ങളുമായി നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. അതിനുവേണ്ടി ഇരുരാജ്യങ്ങളിലെയും നേതൃത്വം ഏകോപിപ്പിച്ചുകൊണ്ടുള്ള നീക്കം നടത്തും. സംഭവിക്കാനിടയുള്ള കുടിയേറ്റ പ്രശ്‌നവും പരസ്പരം യോജിച്ച് നേരിടാനും ധാരണയായി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുട്ടിനും ടെലഫോണില്‍ സംസാരിച്ചിരുന്നു.

Tags:    

Similar News