അഫ്ഗാന്‍: പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് വിദേശ കാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

Update: 2021-08-23 08:58 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അഫ്ഗാന്‍ വിഷയവുമായി ബന്ധപ്പെട്ട വിശദംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ വഴി പങ്കുവച്ചത്.

അഫ്ഗാന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പാല്‍മെന്റിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തുടര്‍വിവരങ്ങള്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷി അറിയിക്കും- ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. 

യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന അഫ്ഗാനില്‍നിന്ന് പൗരന്മാരെ തിരികെക്കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്. അഫ്ഗാന്‍ വിഷയത്തില്‍ തീരുമാനമെടുക്കാനും വലിയിരുത്തലുകള്‍ വിശദീകരിക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കാബിനറ്റിലെ പ്രമുഖരുടെ യോഗം വിളിച്ചിരുന്നു.

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നീക്കം തുടരുകയാണ്. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച മാത്രം 400 ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിച്ചിട്ടുണ്ട്. 87 പേരടങ്ങുന്ന മറ്റൊരു ഗ്രൂപ്പിനെയും തിരികെയെത്തിച്ചു. അതില്‍ രണ്ട് നേപ്പാളികളുമുണ്ട്.

ആഗസ്ത് 15നാണ് താലിബാന്‍ കാബൂള്‍ പിടിച്ച് പ്രസിഡന്റിന്റെ കൊട്ടരാം കീഴടക്കിയത്.