ഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു മാറ്റും: വഴിക്കടവ് പഞ്ചായത്ത്

Update: 2025-06-04 10:13 GMT

മലപ്പുറം: ഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു മാറ്റുമെന്ന് മുസ്ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് അധികൃതര്‍. അഡ്വ. കൃഷ്ണരാജ് ബിജെപിക്കാരനാണെന്ന് അറിയില്ലായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നടുത്തൊടി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന അഭിഭാഷകന്‍ കേസ് ശരിയായി നടത്തിയിരുന്നില്ല എന്നും അതു കൊണ്ടാണ് മാറ്റിയതെന്നും പ്രസിഡന്റ് പറഞ്ഞു. കൃഷ്ണരാജിനെ നിയമിക്കാന്‍ നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ ആണെന്നും അവര്‍ പറഞ്ഞു. ബോര്‍ഡിനു മുന്നില്‍ വന്ന തീരുമാനം അംഗീകരിച്ചതാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, കൃഷ്ണരാജിനെ നിയമിച്ച സംഭവത്തില്‍പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായി നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്നും യുഡിഎഫ് ഭരണ സമിതിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ കേസുകളില്‍ 'ലവ് ജിഹാദ്' അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും മറ്റും ചെയ്യുന്ന അഭിഭാഷകനാണ് കൃഷ്ണരാജ്. മലപ്പുറം ജില്ലയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന തരത്തിലുള്ള കേസുകളും നടത്തുന്നത് ഇയാളാണ്. കൂടാതെ മലയോര മേഖലകളില്‍ ഒരു വിഭാഗം ഭൂമി കൈയ്യേറിയെന്ന തരത്തിലുള്ള കേസുകളും ഇയാള്‍ വിവിധ കക്ഷികള്‍ക്കായി ഫയല്‍ ചെയ്യാറുണ്ട്.

ബോണി എമ്മിന്റെ റാസ്പുട്ടിന്‍ എന്ന പാട്ടില്‍ നൃത്തം ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും ഇയാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി ആരോപണമുണ്ട്. വഖ്ഫ് ഭേദഗതി നിയമത്തിന് അനുകൂലമായി സുപ്രിംകോടതിയില്‍ കാസ എന്ന സംഘടനക്കായി ഹരജി നല്‍കിയതും കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതിന് കൃഷ്ണരാജിനെതിരേ കേസുണ്ട്.

Tags: