അഡ്വ. മെഹ്മൂദ് പ്രാച്ചയുടെ ഓഫിസില്‍ റെയ്ഡ്: നീതിയ്ക്കുവേണ്ടി പോരാടുന്നവരെ ഭയപ്പെടുത്താനുള്ള ശ്രമമെന്ന് എന്‍സിഎച്ച്ആര്‍ഒ

Update: 2020-12-27 09:50 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട കലാപത്തില്‍ ഇരകളാക്കപ്പെട്ടവരുടെ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അഡ്വ. മെഹ്മൂദ് പ്രാച്ചയുടെ ഓഫിസ് റെയ്ഡ് ചെയ്ത നടപടിക്കെതിരേ എന്‍സിഎച്ച്ആര്‍ഒ. നീതിക്കുവേണ്ടി പോരാടുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡല്‍ഹി പോലിസിന്റെ നടപടിയെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി കമ്മിറ്റി സെക്രട്ടറി അഡ്വ. അന്‍സാര്‍ ഇന്‍ഡോരി പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ 24ാം തിയ്യതിയാണ് ഡല്‍ഹിയിലെ പ്രാച്ചയുടെ ഓഫിസ് പോലിസ് റെയ്ഡ് ചെയ്തത്. അവിടെ നിന്ന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും കംപ്യൂട്ടറുകളും പോലിസ് കസ്റ്റഡിയിലെടുത്തു. തന്റെ കംപ്യൂട്ടര്‍ പരിശോധിക്കാന്‍ പോലിസിന് അവകാശമുണ്ടെങ്കിലും അത് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനെ നിശ്ശബ്ദനാക്കുക വഴി ഇരകള്‍ക്ക് നിയമപരമായ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ആരോപിച്ചു. നീതിക്കുവേണ്ടി നിലകൊള്ളുന്നവര്‍ മെഹമ്മൂദ് പ്രാച്ചയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് അന്‍സാര്‍ ഇന്‍ഡോരി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Tags: