ദത്ത് കേസ്; അനുപമയും കുഞ്ഞും കുടുംബ കോടതി ജഡ്ജിയുടെ ചേംബറില്‍

കുഞ്ഞിനെ കോടതി ഇന്നു തന്നെ അനുപമയ്ക്ക് കൈമാറിയേക്കും

Update: 2021-11-24 10:23 GMT

തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയേക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. അനുപമയും പങ്കാളി അജിത്തും കോടതിയിലെത്തിയിട്ടുണ്ട്. കോടതി ചെംബറിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. തുറന്ന കോടതിയില്‍ ഉടന്‍ തന്നെ കേസില്‍ അന്തിമ വിധി ഉണ്ടാകും.

നേരത്തെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ യാഥാര്‍ഥ രക്ഷിതാക്കളെ ഉറപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബ കോടതി അനുപമയുടെ കേസ് പരിഗണിച്ചത്.

കുഞ്ഞിനെ വൈദ്യപരിശോധിക്കായി കോടതി ഡോക്ടറെ വിളിച്ച് വരുത്തിയിരുന്നു. ശിശു ക്ഷേമ സമിതി അധ്യക്ഷയും സര്‍ക്കാര്‍ അഭിഭാഷകനും കോടതിയിലെത്തിയിട്ടുണ്ട്.

ഫോസ്റ്റര്‍ കെയര്‍ പ്രകാരം കുഞ്ഞിനെ നല്‍കിയിരുന്ന ആന്ധ്ര സ്വദേശിയില്‍ നിന്ന് സിഡബ്ലുസി ഉത്തരവനുസരിച്ച് മടക്കിക്കൊണ്ട് വന്നിരുന്നു. കുഞ്ഞിനെ നിര്‍മലാ ഭവനിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ജില്ലാ ശിശു സംരക്ഷണ സമിതിയ്ക്കായിരുന്നു കുഞ്ഞിന്റെ സംരക്ഷണച്ചുമതല.

അതേസമയം, തുടക്കത്തില്‍ അനുപമയ്‌ക്കെതിരേ നിന്ന സര്‍ക്കാരും സിപിഎമ്മും പിന്നീട് അനുപമക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍, ബാലാവകാശ കമ്മിഷന്‍ സിറ്റിങില്‍ ഹാജരാകാത്ത സിഡബ്യുസി ചെയര്‍പഴ്‌സനു നോട്ടിസ് അയയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. അടുത്ത സിറ്റിങ് ഡിസംബര്‍ ഒന്നിനു നടക്കും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഹാജരായില്ലെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി. ദത്തു നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സമിതിയോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടിയെ വേഗം വിട്ടുകിട്ടാന്‍ അനുപമയും അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. കേസ് കോടതി പരിഗണിക്കാനിരുന്നത് 30നാണ്. സര്‍ക്കാരിന്റെയും അനുപമയുടെയും ആവശ്യം പരിഗണിച്ച് സിഡബ്യുസി സമര്‍പ്പിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതി പരിശോധിക്കും. വനിതാശിശു വികസന വകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


Tags:    

Similar News