കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് തന്റേത്; മാധ്യമങ്ങളെ കാണാതെ താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ്

Update: 2026-02-08 07:10 GMT

തിരുവനന്തപുരം: കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നതെന്നും താന്‍ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നതെന്നും അടൂര്‍ പ്രകാശ് എംപി. എസ്‌ഐടി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ എന്നെ ചോദ്യം ചെയ്യാനല്ല വിളിച്ചത്. സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ ആണ് വിളിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം താന്‍ ഉള്ള ഫോട്ടോ വന്നത് കൊണ്ട് സ്റ്റേറ്റ്‌മെന്റ് ചോദിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്‌ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാര്‍ അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരാണ് യുഡിഎഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആടിനെ പട്ടിയാക്കുന്ന ഈ കാലത്ത് തോപ്പില്‍ രവിയെ പോലെയുള്ളവരെ അനുസ്മരിക്കുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

തന്റെ ചോദ്യം ചെയ്യല്‍ സമയത്ത് പുറത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഇവരാണ്. ആരോ ഏല്‍പ്പിച്ച ദൗത്യം ചിലര്‍ പൂര്‍ത്തിയാക്കി.മാധ്യമങ്ങളെ കാണാതെ പുറത്തേക്ക് പോകാനുള്ള വഴിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു. പക്ഷെ താന്‍ അത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് പോയതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Tags: