കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനപരിശീലനം; മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിറമരുതൂര്‍ ഡിവിഷനിലെ ശില്‍പശാല ബുധനാഴ്ച
താനൂര്‍: കേന്ദ്ര സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന വിംഗ്‌സ് മലപ്പുറം പദ്ധതിയുടെ ഭാഗമായി നിറമരുതൂര്‍ ഡിവിഷനില്‍ ബുധനാഴ്ച പ്രത്യേക അവബോധ, പരിശീലന ശില്‍പശാല സംഘടിപ്പിക്കും.
രാജ്യത്തെ 44 കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും 22 പ്രധാന സ്വയംഭരണ കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായി നിറമരുതൂര്‍ ഡിവിഷന്‍ പരിധിയിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിനാണ് പദ്ധതി.
വിംഗ്‌സ് ഓഫ് നിറമരുതൂര്‍ എന്ന പേരില്‍ നടക്കുന്ന ശില്‍പശാല ബുധനാഴ്ച്ച കാലത്ത് 9.30ന്താനാളൂര്‍ മൂന്നാമൂല ഇ.സി. ഹാളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. ഡിവിഷനിലെ താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും താനാളൂര്‍, ചെറിയമുണ്ടം, നിറമരുതൂര്‍ പഞ്ചായത്തുകളിലെ താമസക്കാരായ മറ്റു സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നേകാല്‍ ലക്ഷത്തോളം ബിരുദ സീറ്റുകളാണുള്ളത്. മികച്ച അദ്ധ്യയനവും നല്ല കാമ്പസ് സാഹചര്യങ്ങളും മിതമായ ഫീസും അന്താരാഷ്ട്ര നിലവാരവും ഇത്തരം സര്‍വ്വകലാശാലകളുടെ പ്രത്യേകതകളാണ്.ഈ വര്‍ഷം മുതലാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) വഴി പ്രവേശനം നടത്തുന്നത്.
തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെയ്, ജൂണ്‍ മാസങ്ങളിലായി സൗജന്യമായി പരിശീലനം നല്‍കും. പദ്ധതിയെ കുറിച്ചും പ്രവേശന പരീക്ഷയെ കുറിച്ചുമുള്ള അവബോധവും അപേക്ഷ നല്‍കുന്നതിനാവശ്യമായ പരിശീലനവും ബുധനാഴ്ച്ച നടക്കുന്ന ശില്‍പശാലയില്‍ നല്‍കും.
നിറമരുതൂര്‍ ഡിവിഷനില്‍ നടപ്പിലാക്കുന്ന പ്രത്യേക വിദ്യഭ്യാസ പദ്ധതിയായ വിംഗ്‌സ് ഓഫ് നിറമരുതൂരിന്റെ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയും ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സല്‍മത്തും ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹെല്‍പ് ഡസ്‌ക് താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മല്ലിക ടീച്ചറും, ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹെല്‍പ് ഡസ്‌ക്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസിയ സുബൈറും നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹെല്‍പ് ഡസ്‌ക് നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ പുതുശ്ശേരിയും ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍മാരായ എം. ഗണേശന്‍, ഡോ. വിജയ, എന്‍. മിനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ മെയ് 6 വരെ അതാത് സ്‌കൂളുകളില്‍ ഹെല്‍പ്ഡസ്‌ക് പ്രവര്‍ത്തിക്കും.
ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് വിജയഭേരി കോര്‍ഡിനേറ്റര്‍ സലീം മാസ്റ്റര്‍, എന്‍സ്‌കൂള്‍ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ പരിശീലകരായ കെ.വി. മുഹമ്മദ് യാസീന്‍, ജിഷ്ണു ഓസി എന്നിവര്‍ ക്ലാസ്സെടുക്കും. കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കാനും അവസരമുണ്ടാകും.
പത്ര സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം. ഷാഫി, വിവിധ സ്‌കൂളുകളിലെ കരിയര്‍ ഗൈഡ് അധ്യാപകരായ പ്രശാന്ത് കുമാര്‍, ഹംസ മാസ്റ്റര്‍, എ. ഷിബു, ഡോ. ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

