ആദിത്യന് മഴക്കണക്ക് കിറുകൃത്യം

Update: 2022-05-21 14:20 GMT

മാള: 2022 മേയ് 18 വരെ ലഭിച്ചത് 55 മില്ലിമീറ്റര്‍ മഴ. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മേയ് 15 ന്. അന്ന് 210 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഏപ്രിലില്‍ 97 മില്ലിമീ റ്ററും മാര്‍ച്ചില്‍ 45 മില്ലിമീറ്ററും മഴ ലഭിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഒരു ദിവസം മാത്രമാണ് ഒരു മില്ലിമീറ്റര്‍ മഴ ലഭിച്ചത്.

ഈ കണക്കുകള്‍ നിരത്തുന്നത് എട്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കെ എസ് ആദിത്യനാണ്. ആദിത്യന്‍ ഈ കണക്കുകള്‍ അവതരിപ്പിക്കുന്നത് ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവെടുത്ത് നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തിവച്ചാണ്.

2020 ജൂണ്‍ എട്ടിനാണ് വീട്ടില്‍ മഴമാപിനിവച്ച് കണക്ക് രേഖപ്പെടുത്തിത്തുടങ്ങിയത്. മഠത്തുംപടി കൂടത്തിങ്കല്‍ സുമേഷിന്റെയും വിമിതയുടെയും മൂത്ത മകനാണ് ആദിത്യന്‍. ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ആദിത്യന്‍ മഴമാപിനി കണ്ടത്. കണക്ക് അധ്യാപികയായ വി എ ജിക്കി ഈ സംവിധാനത്തെക്കുറിച്ച് വിവരിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ടാണ് വീട്ടില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ മഴയുടെ അളവ് കണക്കാക്കാന്‍ തുടങ്ങിയത്.

2021 ജൂലൈയിലാണ് സിആര്‍സി (കമ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍) പ്രവര്‍ത്തകരായ പുത്തന്‍വേലിക്കര സ്വദേശി എം പി ഷാജന്‍, പി എസ് ബൈജു എന്നിവര്‍ ആദിത്യന് ചില്ലുകൊണ്ടുള്ള മഴമാപിനി നല്‍കിയത്. എല്ലാദിവസവും രാവിലെ 8.30 നാണ് ആദിത്യന്‍ സ്‌കെയില്‍ ഉപയോഗിച്ച് മഴയുടെ കണക്ക് രേഖപ്പെടുത്തുന്നത്. സിആര്‍സിയുടെ മഴമാപനം വാട്‌സാപ്പ് ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആദിത്യനാണ്. ഓരോ ദിവസവും മഴയുടെ അളവെടുത്തയുടനെ അത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട എക്വിനോക്ട് എന്ന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലേക്കും അപ് ലോഡ് ചെയ്യാറുണ്ടെന്നും ആദിത്യന്‍ പറയുന്നു.

Similar News