അത് നാക്കുപിഴ; 'രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍ രാഷ്ട്രപതിയെ നേരില്‍ കാണാനൊരുങ്ങി അധീര്‍ രഞ്ജന്‍ ചൗധരി

Update: 2022-07-28 13:13 GMT

ന്യൂഡല്‍ഹി: തന്റെ 'രാഷ്ട്രപത്‌നി' പ്രസ്താവന വിവാദമായതോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇതിനായി ദ്രൗപദി മുര്‍മുവിനെ നേരില്‍ കാണാന്‍ അധീര്‍ ചൗധരി സമയം തേടി. രാഷ്ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ചൗധരി പറഞ്ഞു. രാഷ്ട്രപത്‌നി പ്രയോഗം ഒരു തെറ്റ് മാത്രമായിരുന്നു.

രാഷ്ട്രപതിക്ക് വിഷമം തോന്നിയാല്‍ അവരെ നേരിട്ട് കണ്ട് മാപ്പുപറയും. അവര്‍ക്ക് വേണമെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ശിക്ഷിക്കപ്പെടാന്‍ തയ്യാറാണ്. എന്നാല്‍, എന്തിനാണ് സോണിയാ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പ്രസ്താവനയില്‍ സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് ഭരണകക്ഷിയായ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുകയും സോണിയാ ഗാന്ധിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News