അടതാപ്പ്; ഉരുളക്കിഴങ്ങിന് പകരം നില്‍ക്കും ഈ നാടന്‍ കിഴങ്ങ്

സാധാരണ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പത്തുമുതല്‍ അമ്പതു കിഴങ്ങുകള്‍വരെ ഒരു വള്ളിയില്‍ നിന്ന് ലഭിക്കാറുണ്ട്

Update: 2021-09-01 07:18 GMT
കോഴിക്കോട്: ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ് പലയിടങ്ങളിലും ഉപയോഗിച്ചിരുന്ന കിഴങ്ങുവര്‍ഗ്ഗമാണ് അടതാപ്പ്. ഇറച്ചി കാച്ചില്‍, ഇറച്ചി കിഴങ്ങ്, എന്നും പേരുണ്ട്. വിദേശികള്‍ ഇതിനെ എയര്‍ പൊട്ടറ്റോ എന്ന് പേരിട്ടത് മണ്ണിനടിയിലല്ലാതെ വായുവില്‍ വളരുന്ന കിഴങ്ങ് ആയതുകൊണ്ടാണ്.

അടതാപ്പ് വള്ളി ചെറുകിഴങ്ങ്, നന കിഴങ്ങ് എന്നിവയുടെ ഇലയുമായീ നല്ല സാമ്യമുള്ളതാണ്. വള്ളിയിലെ ഓരോ ഇലഞെട്ടിലും കിഴങ്ങ് പിടിക്കും. മരങ്ങളില്‍ കയറ്റി വിട്ടും പന്തലിലും വേലിയിലും അടതാപ്പ് വളര്‍ത്താം. സാധാരണ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പത്തുമുതല്‍ അമ്പതു കിഴങ്ങുകള്‍വരെ ഒരു വള്ളിയില്‍ നിന്ന് ലഭിക്കാറുണ്ട്. കൂടാതെ താഴെ മണ്ണില്‍ നിന്നും അഞ്ചു മുതല്‍ പത്തു കിലോവരെയുള്ള കിഴങ്ങും ലഭിക്കും.

ചിലയിടങ്ങളില്‍ ബീഫ് , കോഴിയിറച്ചി എന്നിവ കറിവയ്ക്കുമ്പോള്‍ അതില്‍ അടതാപ്പ് ഉപയോഗിച്ചിരുന്നു. ചേമ്പിനോപ്പം ചേര്‍ത്തുണ്ടാക്കുന്ന അടതാപ്പ് പുഴുക്ക് വളരെ രുചികരമാണ് . ഗ്‌ളുക്കോസിന്റെ അളവ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാം എന്നും പറയാറുണ്ട്. അടതാപ്പ് വള്ളികളുടെ ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങുകളെക്കാള്‍ രുചി വള്ളികളിലെ കിഴങ്ങുകള്‍ക്കാണ്. വള്ളികളില്‍ ഉണ്ടാകുന്ന കായ്കള്‍ ഡിസംബര്‍ മാസത്തോടെ തനിയെ പൊഴിഞ്ഞു വീഴും. ഈ കായ്കള്‍ വിത്തിനായ് ഉപയോഗിക്കാം, പൊഴിഞ്ഞു വീണ കായ്കള്‍ തണലിലോ വെളിച്ചം കുറഞ്ഞ മുറികളിലോ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞോ സൂക്ഷിച്ചാല്‍ വളരെ വേഗം മുളകള്‍വരും .മുള അരയടിയെങ്കിലും നീണ്ടുകഴിഞ്ഞാല്‍ മുളയോടോപ്പം വെളുത്ത വേരുകളും വന്നു തുടങ്ങും ഇതാണ് നടാനുള്ള സമയം . മാര്‍ച്ച് മാസത്തില്‍ വേനല്‍മഴ കിട്ടുന്ന മുറക്ക് മുളവന്ന കിഴങ്ങുകള്‍ നടാവുന്നതാണ്.


Tags:    

Similar News