ഇന്ത്യയില്‍ വിമാന നിര്‍മ്മാണ രംഗത്തേക്ക് അദാനി ഗ്രൂപ്പ്; എംബ്രെയറുമായി അന്തിമ അസംബ്ലി ലൈന്‍ സഹകരണം

Update: 2026-01-27 10:36 GMT

ന്യൂഡല്‍ഹി: ബ്രസീലിയന്‍ വിമാന നിര്‍മ്മാണ കമ്പനിയായ എംബ്രെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹകരണം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ സിവില്‍ വ്യോമയാന മേഖല ശക്തിപ്പെടുത്തുകയും പ്രാദേശിക വിമാന ബന്ധം വിപുലീകരിക്കുകയും ലക്ഷ്യമിട്ടാണ് ഈ നീക്കം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യന്‍ വിപണിയെ മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. ടയര്‍2, ടയര്‍3 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ അനുയോജ്യമായ എയര്‍ക്രാഫ്റ്റുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക.

ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യ കൈമാറ്റം, നൈപുണ്യ വികസനം, ശക്തമായ സപ്ലൈ ചെയിന്‍ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിര്‍മ്മാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. 150 സീറ്റുകള്‍ വരെ ശേഷിയുള്ള കൊമേഴ്ഷ്യല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന എംബ്രെയറിന്റെ വിമാനങ്ങള്‍ പങ്കാളിത്തം നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ തന്നെ കൂട്ടിച്ചേര്‍ക്കും. ഇതോടെ അദാനി ഗ്രൂപ്പ് വിമാന നിര്‍മ്മാണ രംഗത്തേക്കും കടക്കുകയാണ്.

Tags: