ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Update: 2023-02-09 07:47 GMT

ഷിംല: വിവാദ വ്യവസായി ഗൗതം അദാനിയുടെ ഹിമാചല്‍ പ്രദേശിലെ സ്ഥാപനങ്ങളില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലും ഗോഡൗണിലുമാണ് സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്. ജിഎസ്ടി തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ പാചക എണ്ണ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അദാനി വില്‍മര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുകയാണെന്ന ആരോപണമാണ് ഉയന്നിരുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

പര്‍വാനൂ, സോളന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണ് റിപോര്‍ട്ടുകള്‍. വിശദമായ റിപോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആരോപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്.

Tags:    

Similar News