നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ റിപോര്‍ട്ട് കോടതിക്ക് കൈമാറി

ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

Update: 2022-05-23 05:17 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ശരത്തിനെ 15ാം പ്രതിയായി ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.

ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ട വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതി ഈ റിപോര്‍ട്ട് സെഷന്‍സ് കോടതിക്ക് കൈമാറും.

ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്.നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്.





Tags: