നടി സയാനി ഘോഷിന്റെ അറസ്റ്റ്; ഡല്‍ഹി നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: നടി സയാനി ഘോഷിനെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എംപിമാര്‍ നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ പ്രതിഷേധിച്ചു. സയാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും എംപിമാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ത്രിപുരയില്‍ നിന്നാണ് സയാനിയെ പോലിസ് അറസ്റ്റ് ചെയ്തത്. തൃണമൂല്‍ ബംഗാള്‍ ഘടകം യൂത്ത് വിങ് നേതാവാണ് സയാനി ഘോഷ്.
എന്തുകൊണ്ടാണ് കാണാനുള്ള അനുമതി നിഷേധിച്ചത്? എന്തുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജാഗ്രതയില്ലാത്തത്? മിസ്റ്റര്‍ അമിത് ഷാ ഞങ്ങള്‍ക്ക് ഉത്തരം വേണം. ത്രിപുരയിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഇടപെടണം- ത്രിണമൂല്‍ പാര്‍ട്ടി ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു.
ഘോഷിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടന്‍ എല്ലാ എംപിമാരോടും ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി താമസിയാതെ ന്യൂഡല്‍ഹിയിലെത്തും.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ നോര്‍ത്ത് ബ്ലോക്കില്‍ ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണെന്ന് തൃണമൂല്‍ എം പി സൗഗത റോയി പറഞ്ഞു.
ത്രിപുരയില്‍ ബിജെപി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരം എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കുമെന്നും സൗഗത റോയി പറഞ്ഞു. തൃണമൂല്‍ എംപിമാരായ ഡെറക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ് എന്നിവരാണ് നോര്‍ത്ത് ബ്ലോക്കിനു മുന്നിലുള്ളത്. ത്രിപുര ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും തലസ്ഥാനത്തുണ്ട്. അഗര്‍ത്തലയില്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കളി തുടങ്ങിയെന്ന് ബിജെപിയുടെ ഒരു യോഗസ്ഥലത്ത് പറഞ്ഞയാളെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഞങ്ങളെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് പറ്റില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിനു സമീപം 'കളി തുടങ്ങി'യെന്ന് വിളിച്ചതിനാണ് സയാനി ഘോഷിനെ കൊലപാതകക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത്.
