പോരാട്ടത്തിന്റെ പെണ്‍പ്രതീകം; രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനവേദയില്‍ മുഖ്യാതിഥിയായി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി, പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്നു പറഞ്ഞാണ് അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്

Update: 2022-03-18 13:41 GMT

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി പങ്കെടുത്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി, പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്നു പറഞ്ഞാണ് അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. നിറകയ്യടിയോടെയാണ് സദസ്സ് ഭവനയെ വരവേറ്റത്.

ഉദ്ഘാടനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഖ്യാത സംവിധായകന്‍ അനുരാഗ്കാശ്യപ് മുഖ്യാതിഥിയായിരുന്നു.

കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. 

Tags: