നടിയെ ആക്രമിച്ച കേസ്; അപ്പീലുമായി രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍

കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്, ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് അപ്പീല്‍

Update: 2025-12-18 17:34 GMT

കൊച്ചി: നടിയെ ആക്രിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണം, ശിക്ഷ വിധിച്ചത് മതിയായ തെളിവുകള്‍ ഇല്ലാതെയാണ്, അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗത്തിന് ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ല. തങ്ങള്‍ക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്നും ഇക്കാര്യം അതിജീവതയുടെ മൊഴിയിലുണ്ടെന്നും ഹരജിയിലുണ്ട്. കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. പ്രോസിക്യുഷന്റെ കൈവശം പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്നും ഹരജിയിലുണ്ട്.

കേസിലെ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷമായിരിക്കും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. അതിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

Tags: