നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു.
കേസില്‍ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടു. എന്നാല്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. പ്രോസിക്യൂഷനും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.
കേസിലെ മുഖ്യസൂത്രധാരനായിരുന്നു ദിലീപെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ അവരുടെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാനും വീഡിയോ പകര്‍ത്താനും പള്‍സര്‍ സുനി അടക്കമുള്ളവരെ 1 കോടി രൂപയ്ക്ക് ''ക്വോട്ടേഷന്‍'' നല്‍കി ഏല്‍പ്പിച്ചുവെന്നായിരുന്നു ആരോപണം.
