കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും അതിജീവിതയും തമ്മില്‍ വ്യക്തിപരമായ സൗഹൃദം ഇല്ലായിരുന്നുവെങ്കിലും, സിനിമാ മേഖലയില്‍ നിന്ന് അവരെ ഒഴിവാക്കാനുള്ള ശത്രുത ദിലീപിന് ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മഞ്ജു വാരിയരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ശത്രുതയാണ് നടിയെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ഇടയാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദം തെളിവുകളുടെ അഭാവത്തില്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെ കേസുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെ വെറുതെ വിട്ട ഉത്തരവിലാണ് ഈ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിജീവിത ഒരു അച്ചടിമാധ്യമത്തിന് നല്‍കിയ അഭിമുഖം മാത്രമാണ് ദിലീപിന് ശത്രുതയുണ്ടെന്ന വാദത്തിന് പ്രോസിക്യൂഷന്‍ ആധാരമാക്കിയതെന്നും കോടതി പറഞ്ഞു.
ദിലീപിനും പള്‍സര്‍ സുനിക്കും തമ്മില്‍ നേരിട്ടോ പരോക്ഷമായോ ബന്ധം സ്ഥാപിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് കോടതി വിലയിരുത്തി. താരങ്ങളുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന അബാദ് പ്ലാസ ഹോട്ടലിലെ 410ആം നമ്പര്‍ മുറിയില്‍ പള്‍സര്‍ സുനി എത്തിയതായി തെളിയിക്കുന്ന രേഖകളില്ല. തൃശൂരിലെ ജോയ്‌സ് പാലസ് ഹോട്ടല്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷന്‍, തൃശൂര്‍ ടെന്നീസ് അക്കാദമി, തൊടുപുഴ ശാന്തിഗിരി കോളജ് എന്നിവിടങ്ങളില്‍ ഗൂഢാലോചനയുടെ ഭാഗമായി ഇരുവരും കണ്ടുമുട്ടിയെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളി. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയതായി പറയുന്ന കത്ത് തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ശേഷം പള്‍സര്‍ സുനി ദിലീപിനെ അന്വേഷിച്ച് കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബൊട്ടീക്കിലെത്തിയതായും തെളിവില്ല. സംഭവദിവസം ദിലീപ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്നത് കേസുമായി ബന്ധമുള്ള സാഹചര്യമല്ലെന്നും കോടതി പറഞ്ഞു.
സംഭവത്തിനു ശേഷം ദിലീപിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതകള്‍ കേസുമായി ബന്ധിപ്പിക്കാമെന്ന പ്രോസിക്യൂഷന്‍ നിലപാടും കോടതി അംഗീകരിച്ചില്ല. എന്നാല്‍, തെളിവുകളുടെ അഭാവം നിലനില്‍ക്കുമ്പോഴും 2017 ജൂലയ് 10നു ദിലീപിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
