നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയില്‍ വിധി ഇന്ന്

കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്

Update: 2022-06-28 03:57 GMT

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും.കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ആഴ്ചകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍കൊടുവിലാണ് ഹരജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയുക. ഉച്ചക്ക് 3 മണിക്കാണ് ഹരജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്ത തിയതി ക്യത്യമായി കണ്ടെത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പ്രതി ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റല്‍ രേഖകളും ഹാജരാക്കി.

ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രോസിക്യൂഷന്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, കേസില്‍ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ പുതിയ ഹരജിയെന്നും ദിലീപ് വാദിച്ചു.

Tags:    

Similar News