വയനാട്ടിലെ സിക്കിള്‍ സെല്‍ അനീമിയ, തലാസിയ രോഗബാധിതര്‍ക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാന്‍ നടപടി

Update: 2022-08-25 12:35 GMT

കല്‍പ്പറ്റ: വയനാട് ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പില്‍നിന്നു ശേഖരിച്ച് അവര്‍ക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയില്‍ സംപുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് ജില്ലയിലെ എം.എല്‍.എമാരുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളുടെ ഭാഗമായാണു കേന്ദ്ര സര്‍ക്കാര്‍ സംപുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് എന്ന നിലയില്‍ സംസ്ഥാനത്തു വയനാട്ടിലാണ് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ഭക്ഷ്യധാന്യങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രക്രിയയാണു സംപുഷ്ടീകരണം. ഇതു സംബന്ധിച്ചു വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണു യോഗം ചേര്‍ന്നത്.

വയനാട്ടിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയ, തലാസിയ രോഗബാധിതര്‍ക്കു കൃത്രിമ പോഷകങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ജില്ലയില്‍ വ്യാപകമായുണ്ടെന്ന് ഒ ആര്‍ കേളു എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിയിലും പ്രീെ്രെപമറി വിദ്യാര്‍ഥികള്‍ക്കുള്ള പോഷകാഹാര വിതരണത്തിലും മുന്‍പുതന്നെ സംപുഷ്ടീകരണം നടപ്പാക്കിയ കാര്യവും യോഗം ചര്‍ച്ച ചെയ്തു.

മിഡ്‌ഡേ മീല്‍, പ്രീപ്രൈമറി പോഷകാഹാര പദ്ധതികള്‍ നടപ്പാക്കുന്ന ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകള്‍ക്ക് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യം സിക്കിള്‍ സെല്‍ അനീമിയ, തലാസിയ വിഭാഗം രോഗികളായ കുട്ടികള്‍ക്കു നല്‍കുന്നതിലെ ആശങ്കയറിച്ചു മന്ത്രി കത്തു നല്‍കും. സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം പൊതുവിലോ ഏതെങ്കുലം രോഗവസ്ഥയുള്ളവര്‍ക്കു പ്രത്യേകമായോ ഉണ്ടോയെന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News