മാധ്യമപ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടിയുടെ പരാതിയില്‍ നടപടി; കേസെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോഡ് ജില്ലാ പോലിസ്
കാസര്‍കോഡ്; പബ്ലിക്ക് കേരളാ ചാനല്‍ മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ ഖാദര്‍ കരിപ്പൊടിക്കെതിരെ നിരന്തരം പരാതി നല്‍കി കേസേടുപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിവൈഎസ്പി ബാലകൃഷ്ണന്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്‍കി.
തനിക്കെതിരെ പോലിസില്‍ നിരന്തരം പരാതി നല്‍കുന്നതില്‍ ചില ഗൂഢശക്തികളുടെ കരങ്ങളുണ്ടെന്ന് ആരോപിച്ച ഖാദര്‍ അതിന്റെ തെളിവുകള്‍ ജില്ലാ പോലിസ് മേധാവിക്ക് കൈമാറുകയും ചെയ്തിരുന്നു.
ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതി ഡിവൈഎസ്പിക്ക് കൈമാറുകയും അദ്ദേഹം തുടര്‍നിര്‍ദേശവുമായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് അയയ്ക്കുകയുമായിരുന്നു.
ഹരിദ്വാറില്‍ സന്യാസിമാര്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗം സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് ഏറ്റവും അവസാനം അദ്ദേഹത്തിനെതിരേ കേസെടുത്തത്. ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ടെന്നാരോപിച്ച് കാസര്‍കോഡ് ശിരിബാഗിലു പുളിക്കൂറിലെ സഞ്ജീവ പുളിക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാനഗര്‍ പോലിസ് കേസെടുത്തത്.
വിദ്വേഷവാര്‍ത്തകള്‍ പുറത്തുവിട്ടുവെന്നാരോപിച്ച് ഖാദര്‍ കരിപ്പോടിക്കെതിരേ മുമ്പും കേസെടുത്തിട്ടുണ്ട്.
