വിജയ് ബാബുവിനെതിരായ നടപടി; അമ്മ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

Update: 2022-05-01 04:04 GMT

കൊച്ചി: പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടി ആലോചിക്കാന്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരും. നടനെതിരേ നടപടി വേണമെന്ന സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍ശയും യോഗം പരിഗണിക്കും. ഇന്ന് വൈകീട്ടാണ് അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. പീഡന ആരോപണത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ച ശേഷമാവും നടപടി ചര്‍ച്ച ചെയ്യുക.

ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച ചേര്‍ന്ന ഐസിസി യോഗത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടും ഇന്ന് പരിഗണിക്കും. വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ടുവച്ചിരിക്കുന്നത്. ശ്വേതാ മേനോനാണ് ഐസിസിയുടെ ചെയര്‍ പേഴ്‌സന്‍. മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ഐസിസി അംഗങ്ങള്‍. ഗോവയിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Tags: