അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ നടപടി; ഉത്തര്‍പ്രദേശിന്റെ സുരക്ഷയാണ് പ്രധാനമെന്ന വാദവുമായി യോഗി ആദിത്യനാഥ്
ലഖ്‌നോ: ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യന്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഇതിനകം കര്‍ശന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിനെ സുരക്ഷിതമായി നിലനിര്‍ത്തുന്നതും സാമൂഹിക ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതും സംസ്ഥാനത്തിന്റെ ഏറ്റവും വലിയ മുന്‍ഗണനകളാണെന്നും പറഞ്ഞുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാരെന്ന പരാമര്‍ശം യോഗി നടത്തിയത്.
സംസ്ഥാനത്തെ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും അവരെ ജോലിക്കെടുക്കുന്നതിന് മുമ്പ് ഐഡന്റിറ്റി പരിശോധന ഉറപ്പാക്കാനും യോഗി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും റോഹിംഗ്യകളുടെയും ആകെ എണ്ണം അഞ്ച് ലക്ഷത്തോളം വരുമെന്നാണ് യോഗിസര്‍ക്കാരിന്റെ കണക്കുകള്‍. ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്ത് സുരക്ഷക്ക് വഴിയൊരുക്കുക എന്നതാണ് ലക്ഷ്യമെന്നും യോഗി ആദിത്യ നാഥ് പറയുന്നു.