അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു; സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ സംരക്ഷണം
തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലന്‍സ് കേസെടുത്തുവെന്നും വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് റിപോര്‍ട്ട് നല്‍കിയിട്ടും വിനോദിനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. തടവുകാരില്‍ നിന്നും പണം വാങ്ങിയതിന്റെ അളവ് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിജിലന്‍സ് റിപോര്‍ട്ട്.
മുമ്പും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഭരണകക്ഷിയുമായി ബന്ധമുള്ള വിനോദിനെ സര്‍ക്കാര്‍ പല വട്ടം സംരക്ഷിച്ചിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഔഷധ സസ്യകൃഷി നടത്തി രണ്ടര ലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കടുത്ത നടപടിയെടുക്കാനും പണം തിരിച്ചുപിടിക്കാനുമുള്ള വിജിലന്‍സ് ശുപാര്‍ശ നിസാര അച്ചടക്ക നടപടിയില്‍ ഒതുക്കി. പിന്നീടാണ് സ്ഥാനക്കയറ്റം നല്‍കി ഡിഐജിയുമാക്കി.
വിനോദ് കുമാറിനെതിരേ റിപോര്‍ട്ടുണ്ടായിട്ടും നടപടിയെടുക്കുന്നത് നീട്ടികൊണ്ടുപോവുകയാണ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ജയില്‍ ഡിഐജി വിനോദ്കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് കേസെടുത്തത്.
വിയൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥന്‍ വഴിയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഗൂഗിള്‍ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്. അതേസമയം, ജയില്‍ ഡിഐജി വിനോദിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജയില്‍ വകുപ്പില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ അഴിമതിക്ക് പിടിക്കപ്പെട്ടിരുന്ന വിനോദ് കുമാര്‍ അഴിമതിക്കാരനെന്ന് സര്‍ക്കാരിന് നേരത്തെയും അറിയാമായിരുന്നു. എന്നിട്ടും സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. 2020ല്‍ വിനോദ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരുന്നു. ജയിലില്‍ ഔഷധ സസ്യകൃഷി വിനോദിന്റെ നേതൃത്വത്തില്‍ നടത്തി. 10,86,000 രൂപ ചെലവായെന്ന് കണക്കുണ്ടാക്കി. അത് കള്ളമാണെന്നും അതില്‍ 2,30,000 രൂപ വിനോദ്കുമാര്‍ അടിച്ചുമാറ്റിയതാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
തടവുകാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതിന്റെ കൂലിയെന്ന പേരിലായിരുന്നു വിനോദ് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയത്. ഇത് കയ്യോടെ പിടിച്ച വിജിലന്‍സ് കര്‍ശന നടപടിയെടുക്കണമെന്നും തട്ടിയെടുത്ത പണം പലിശ സഹിതം തിരികെ പിടിക്കണമെന്നും കാണിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. അഴിമതിയൊക്കെ സര്‍ക്കാര്‍ ശരിവച്ചെങ്കിലും നടപടി ആറു മാസത്തെ ശമ്പള വര്‍ധന തടയലെന്ന ഏറ്റവും ലളിതമാക്കി വിഷയം സര്‍ക്കാര്‍ അവസാനിപ്പിച്ചു. പിന്നീട് അഴിമതിയില്‍ പിടിക്കപ്പെട്ടയാള്‍ക്ക് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കി.
വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റാണ് വിനോദ് കുമാറിനെതിരേ അന്വേഷണം നടത്തുന്നത്. വിനോദിനെ സംരക്ഷിക്കാന്‍ ജയില്‍ വകുപ്പ് കൂട്ടുനിന്നതായുള്ള വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഡിഐജിയുടെ ചട്ടം ലംഘിച്ചുള്ള ജയില്‍ സന്ദര്‍ശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് മധ്യമേഖല മുന്‍ ഡിഐജി ജയില്‍ മേധാവിക്ക് കത്തു നല്‍കിയിരുന്നു.

