പത്ത് ദിവസത്തിനകം കണക്ക് നല്‍കണം; തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

വരവ്-ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

Update: 2022-07-07 12:42 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ നല്‍കാത്ത സ്ഥാനാര്‍ത്ഥികളുടെ അംഗത്വം റദ്ദാക്കാന്‍ നടപടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. പത്ത് ദിവസത്തിനകം കണക്ക് നല്‍കിയില്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സര വിലക്കുമുണ്ടാകും. ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപന തിയ്യതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കേണ്ടിയിരുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അയോഗ്യരാക്കുന്നത്. പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോര്‍പ്പറേഷനുകളിലെ 444 സ്ഥാനാര്‍ത്ഥികളുമാണ് കരട് ലിസ്റ്റിലുള്ളത്.

ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ഒന്നരലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും പഞ്ചായത്തില്‍ 25,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. 

Tags:    

Similar News