കോടതി വിധി നീതിയില്‍ നിന്നും ഏറെ അകലെ: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

1992 ഡിസംബര്‍ ആറിന് രാഷ്ട്രവും നിയമസംവിധാനവും പരാജയപ്പെട്ടപ്പോഴും രാജ്യത്തെ മുസ്‌ലിം സമൂഹം ഭരണഘടനക്കും ജനാധിപത്യത്തിനു ഒപ്പം നിലയുറപ്പിച്ചവരാണ്.

Update: 2020-09-30 16:32 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട സിബിഐ കോടതിയുടെ വിധി നിയമവും തെളിവുകളും അടിസ്ഥാനമാക്കത്തതും നീതിയില്‍ നിന്ന് ഏറെ അകന്നതുമാണെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.പ്രതികളെ വെറുതെ വിട്ടതിന്റെ കാരണം എന്തായാലും മസ്ജിദ് തകര്‍ക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാവരും കണ്ടതാണ്. ഗൂഢാലോചനയുടെ പിറകില്‍ ആരൊക്കെയാണ് എന്നതും പരസ്യമായ രഹസ്യമാണ്.


ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ 'ദേശിയ നാണക്കേട്' എന്നാണ് 1994ല്‍ സുപ്രിം കോടതിയിലെ അഞ്ചംഗ ബെഞ്ച് വിശേഷിപ്പിച്ചത്. ഇത് നിയമവാഴ്ചയുടെയും ഭരണഘടനാ പ്രക്രിയയുടെയും വിശ്വാസത്തെ ഇളക്കിമറിച്ചുവെന്നും 500 വര്‍ഷം പഴക്കമുള്ള നിര്‍മിതി സംസ്ഥാന സര്‍ക്കാറിന്റെ കൈകളില്‍ സുരക്ഷിതമാകുമെന്ന പവിത്രമായ വിശ്വാസം കൂടിയാണ് തകര്‍ന്നതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.


ബാബരി മസ്ജിദ് തകര്‍ക്കലിനു ശേഷം രാജ്യത്ത് വര്‍ഗീയ അക്രമത്തിന്റെ പുതിയ തരംഗം ഉയര്‍ന്നുവന്നു. അത് ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് കാണാനാകുമെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പറഞ്ഞു. 1992 ഡിസംബര്‍ ആറിന് രാഷ്ട്രവും നിയമസംവിധാനവും പരാജയപ്പെട്ടപ്പോഴും രാജ്യത്തെ മുസ്‌ലിം സമൂഹം ഭരണഘടനക്കും ജനാധിപത്യത്തിനു ഒപ്പം നിലയുറപ്പിച്ചവരാണ്. ബാബരി മസ്ജിദ് ഭൂമി ഹൈന്ദവരിലെ വളരെ ചെറിയ വിഭാഗത്തിന് സുപ്രിം കോടതി നല്‍കിയപ്പോഴും, ഇപ്പോഴും അതേ നിലപാടാണ് തുടരുന്നത്. മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഭൂരിഭാഗം ഹൈന്ദവരും രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതില്‍ ലജ്ജിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നവരാണ്.


ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭരണഘടനക്കു വേണ്ടി നിലകൊള്ളും. അതിനെ സംരക്ഷിക്കുകയും അതിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുമെന്നും മൗലാനാ മുഹമ്മദ് വലി റഹ്മാനി പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് അഭ്യര്‍ത്ഥിക്കന്നതായും അദ്ദേഹം അറിയിച്ചു.




Tags: