തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ത്ഥി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. മോട്ടോര്‍വാഹന വകുപ്പില്‍ റീജണല്‍ ഓഫിസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍.
സ്ത്രീധനം വാങ്ങുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം വാങ്ങിയതിനും സ്ത്രീധന പീഡനത്തിന്റെയും പേരില്‍ ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ഇതാദ്യമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 93 സി അനുസരിച്ചാണ് നടപടി.