കൊച്ചി: ഏലൂരിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവും വെള്ളിയാഭരണങ്ങളും മോഷ്ടിച്ച പ്രതി പശ്ചിമ ബംഗാളിലെ പേട്രപ്പോള്‍ അതിര്‍ത്തിപ്രദേശത്തുനിന്ന് ഏലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
നവംബര്‍ 15നു രാത്രി ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുറന്ന് അകത്തു കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നിലവറയുടെ ലോക്കര്‍ പൊളിച്ച് 3 കിലോ സ്വര്‍ണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ഷെയ്ഖ് ബാബ്ലൂ അടിബര്‍ (37)നെ ഏലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഒന്നേ കാല്‍ കിലോ സ്വര്‍ണവും ഉരുക്കിയ നിലയില്‍ വിവിധ ജ്വല്ലറികളില്‍ നിന്നായി പോലിസ് കണ്ടെടുത്തു.
മോഷണ വിവരം അറിഞ്ഞ ഉടന്‍ കൊച്ചി സിറ്റി പോലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഏലൂര്‍ സിഐ മനോജ്, എസ്‌ഐ പ്രദീപ്, ഷാഡോ പോലിസ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സംഘത്തില്‍ സൈബര്‍ ഫോറെന്‍സിക് വിദഗ്ധരെയും ഉള്‍പ്പെടുത്തി.
ജ്വല്ലറിയില്‍ സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ സ്ഥലം മുതല്‍ ആലുവ വരെയുള്ള നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങളും ഇരുപത് ലക്ഷത്തോളം ഫോണ്‍ കോളുകളും പരിശോധിച്ചതില്‍ ചില ഫോണുകള്‍ സംഭവ ദിവസത്തിനു ശേഷം ഓഫ് ആയതായി കണ്ട് നടത്തിയ അന്വേഷണത്തില്‍ സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചു. പക്ഷേ, ബംഗ്ലാദേശ് സ്വദേശികളായ ചിലര്‍ ഇതിനോടകം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് ഏലൂര്‍ സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡു മാര്‍ഗം സൂറത്തില്‍ എത്തി അവിടത്തെ ക്രൈംബ്രാഞ്ച് പാര്‍ട്ടിയുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതിനോടകം തന്നെ ഒന്നാം പ്രതിയും കുടുംബാംഗങ്ങളും രണ്ടാം പ്രതിയുടെ കുടുംബാംഗങ്ങളും കൊല്‍ക്കത്തയിലേക്കുള്ള ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ ഇവര്‍ക്കായി വല വിരിച്ചെങ്കിലും ഇവര്‍ ഹൗറയ്ക്കു മുന്‍പുള്ള സ്‌റ്റേഷനില്‍ ഇറങ്ങി ബസ്സ് മാര്‍ഗം പേട്രപ്പോള്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചു.
ഇതറിഞ്ഞ പോലിസ് പാര്‍ട്ടി ഗുജറാത്തില്‍ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്തയില്‍ എത്തി തിരച്ചില്‍ തുടങ്ങി. ഇതിനിടയില്‍ ഒന്നാം പ്രതിയെയും ഭാര്യയെയും ഒഴിച്ചുള്ളവരെ ബംഗ്ലാദേശിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ പോലിസ് പിടിച്ചു. തുടര്‍ന്ന് ഏജന്‍സി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് ബോങ്കാവ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റുമായി ഒരു സംഘം കേരളത്തിലേക്ക് തിരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടു മാസമായി ഏലൂരില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുന്‍പാണ് കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് ആലുവയില്‍ നിന്നും പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, കമ്പിപാര മുതലായവ സംഘടിപ്പിച്ചു. മോഷണത്തിന് ശേഷം പുലര്‍ച്ചെ തന്നെ കേരളത്തില്‍ നിന്ന് കടന്നു. മോഷണ വസ്തുക്കള്‍ സൂറത്തില്‍ എത്തിയ ശേഷം നാലു പേരും പങ്കിട്ടെടുത്തു. തുടര്‍ന്ന് പോലിസ് നടത്തിയ കഠിന ശ്രമത്തിനോടുവില്‍ പല പല ജ്വല്ലറികളിലായി വില്‍പ്പന നടത്തിയ ഒന്നേ കാല്‍ കിലോ സ്വര്‍ണം പോലിസ് കണ്ടെടുത്തു. റോഡു മാര്‍ഗം കേരളത്തില്‍ എത്തിക്കുന്ന പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കും.
തെളിവെടുപ്പിനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ഏലൂര്‍ സിഐ മനോജ്, എഎസ്‌ഐമാരായ അരുണ്‍ എ.എസ്, സന്തോഷ് കുമാര്‍ എ കെ, പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട എഎസ്‌ഐ വിനോദ് കൃഷ്ണ, പോലിസുകാരായ മാഹിന്‍ അബൂബക്കര്‍, അനീഷ് എന്‍. അ, അജിലേഷ് എ, സുമേഷ് കെ. എസ്, ഹോം ഗാര്‍ഡ് തദ്ദേവൂസ് ടി. സൂറത്ത് സിറ്റി ക്രൈം ബ്രാഞ്ചിലെ എസ്‌ഐ ദേശായ്, എച്ച്‌സിമാരായ ഷൈലേഷ് ദുബേ, മനോജ്, ജാഥവ്, സൂറത്ത് കമ്മിഷണര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടാതെ പൂനെ, സില്‍വാസ്സ, സൂറത്ത് എന്നിവിടങ്ങളിലെ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചിരുന്നു.

