മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ശക്തമായി നിരീക്ഷിക്കണം: റാബിത്വ

ഹോളോകോസ്റ്റ് നിഷേധിക്കുന്ന പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതു പോലെ സോഷ്യല്‍ മീഡിയ മോഡറേറ്റര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ വഴി മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന തീവ്രവാദ ഭാഷണങ്ങളെ ചെറുക്കണം

Update: 2021-04-13 13:03 GMT
മക്ക: മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ശക്തമായി നിരീക്ഷിക്കണമെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ഈസ സാമൂഹ്യമാധ്യമങ്ങളുടെ സൂപ്പര്‍വൈസര്‍മാരോട് ആവശ്യപ്പെട്ടു. 'റിജക്ട് ഹേറ്റ്' എന്ന ശീര്‍ഷകത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരംഭിച്ച കാംപയിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ശക്തമായി നിരീക്ഷിക്കണമെന്ന് റാബിത്വ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടത്.


ഹോളോകോസ്റ്റ് നിഷേധിക്കുന്ന പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതു പോലെ സോഷ്യല്‍ മീഡിയ മോഡറേറ്റര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ വഴി മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന തീവ്രവാദ ഭാഷണങ്ങളെ ചെറുക്കണം. ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണിത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും ജനങ്ങളെയും പരസ്പരം അടുപ്പിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കഴിയും. അതേപോലെ തന്നെ ലോകത്ത് വിദ്വേഷം സൃഷ്ടിക്കാനും ഇതിന് കഴിയും.


വിദ്വേഷവും അസഹിഷ്ണുതയും ചെറുക്കുന്ന നിരവധി പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അഡ്മിനിസ്‌ട്രേഷനുകള്‍ പ്രഖ്യാപിച്ച നടപടികളെ ശൈഖ് ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പ്രശംസിച്ചു. ഇക്കാര്യത്തില്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Tags: