2020നെ അപേക്ഷിച്ച് കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 32 ശതമാനം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Update: 2021-07-28 13:39 GMT

ന്യൂഡല്‍ഹി: 2020നെ അപേക്ഷിച്ച് ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 32 ശതമാനം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയില്‍ പറഞ്ഞു. സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ പ്രതികരണം.

2019നെ അപേക്ഷിച്ച് 2020ല്‍ ഇത്തരം സംഭവങ്ങള്‍ 59 ശതമാനത്തോളം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

2019നെ അപേക്ഷിച്ച് 2020ല്‍ തീവ്രവാദി ആക്രമണങ്ങള്‍ 59 ശതമാനം കുറഞ്ഞു. 2021 ജൂണില്‍ 2020നെ അപേക്ഷിച്ച് 32 ശതമാനമാണ് അക്രമസംഭവങ്ങളില്‍ കുറവനുഭവപ്പട്ടത്- മന്ത്രി സഭയെ അറിയിച്ചു.

ബിജു ജനതാദള്‍ എംപി സസ്മിത് പാത്രയാണ് ജമ്മു കശ്മീരിലെ ക്രമസമാധാനപ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ക്രമസമാധാനപാലനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപോര്‍ട്ടും ആവശ്യപ്പെട്ടു.

പ്രദേശത്ത് എല്ലാ തരം വ്യാപാരസ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനവും വിദ്യാലയങ്ങളും ആരോഗ്യസ്ഥാപനങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതായും മന്ത്രി അവകാശപ്പെട്ടു.

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഭീകരവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ സൈന്യത്തിന് മറികടക്കാനായെന്നും അദ്ദേഹം പറഞ്ഞു.