ആവശ്യപ്പെട്ട 90 ശതമാനം വാക്‌സിനും വിതരണംചെയ്ത് കഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്

Update: 2021-01-13 13:55 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട കൊവിഷീല്‍ഡ് കൊവിഡ് വാക്‌സിന്‍ 90 ശതമാവും വിതരണം ചെയ്തുകഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. 10.99 ദശലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ അയച്ചിട്ടുള്ളത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 90,000 ഡോസ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്.

ബാക്കിയുള്ള വാക്‌സിനുകള്‍ വ്യാഴാഴ്ചയോടെ കൊടുത്തുവിടുമെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഡോസിന് 200 രൂപ വച്ച് 11 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്.

പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യത്യസ്ത ഒമ്പത് വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്‌സിന്‍ അയച്ചത്.

മുംബൈ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് ട്രക്ക് വാക്‌സിനുകള്‍ എത്തിയിട്ടുണ്ട്. 26 കേന്ദ്രങ്ങളിലേക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് അയയ്ക്കുന്നത്. കൂടാതെ ആറ് കേന്ദ്രങ്ങളിലേക്ക് ഇന്ന് പൂനെ വിമാനത്താവളത്തില്‍ നിന്നും അയയ്ക്കും.

റായ്പൂര്‍, രാജ്‌കോട്ട്, കുരുക്ഷേത്ര, റാഞ്ചി, കൊച്ചിന്‍, കോഴിക്കോട്, തിരുവനന്തപുരം, വരാണസി, ജെയ്പൂര്‍, പോര്‍ട്ട് ബ്ലയര്‍, ഷിംല, ശ്രീനഗര്‍, ലെഹ്, ഇംഫാല്‍, അഗര്‍ത്തല തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഇന്ന് വാക്‌സിന്‍ അയച്ചത്.

മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിനുകള്‍ റോഡ് മാര്‍ഗമാണ് കൊണ്ടുപോകുന്നത്. അതിനു വേണ്ടി മാത്രം കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമുള്ള ട്രക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 9.63 ലക്ഷം ഡോസാണ് ലഭിച്ചത്.

Tags:    

Similar News