പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി കാറപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അനുശോചനമറിയിക്കാതെ രത്തന്‍ ടാറ്റ. ഞാറാഴ്ച മൂന്നരയോടെ മരിച്ച മിസ്ത്രിയെ ഇന്ന് മുംബൈയില്‍ സംസ്‌കരിച്ചു.
മുന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്റെ മരണം കോര്‍പറേറ്റ് ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
അതേസമയം ഒരു വരിയില്‍പോലും അനുശോചിക്കാത്ത രത്തന്‍ ടാറ്റയുടെ പ്രതികരണം കോര്‍പറേറ്റ് ലോകത്ത് വലിയ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.
ഇരുവര്‍ക്കുമിടയില്‍ പരസ്പരം വലിയ വെറുപ്പുണ്ടായിരുന്നുവെന്നും ഒരിക്കലും പൊറുക്കാനാവുമായിരുന്നില്ലെന്നും ഇരുവരുടെയും അടുത്ത സഹായിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മിസ്ട്രിയുടെ കീഴില്‍ ടാറ്റ ഗ്രൂപ്പില്‍ ബ്രാന്‍ഡ് മാനേജരായിരുന്ന മുകുന്ദന്‍ രാജയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇതിന്റെ കാരണങ്ങള്‍ പുറത്തുവിട്ടത്. പഴയ നീരസം മറക്കാനുള്ള സമയമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോരുത്തര്‍ക്കും ഓരോ ചോയ്‌സുണ്ടാവും. ടാറ്റക്കെതിരേ മിസ്ത്രി മാധ്യമങ്ങളിലും കോടതിയിലും പറഞ്ഞ കാര്യങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ വലിയ വിടവുണ്ടാക്കി. രണ്ട് പേര്‍ക്കും പരസ്പരം നീരസമുണ്ട്. അനുരജ്ഞനം സാധ്യമായിരുന്നില്ല. ആളുകള്‍ പഴയത് മറന്ന് മുന്നോട്ട് പോകേണ്ടതാണ്. രണ്ട് പേരും ടാറ്റ ഗ്രൂപ്പിന് വേണ്ടവരായിരുന്നു- രാജന്‍ പറഞ്ഞു.
ടാറ്റ ഗ്രൂപ്പില്‍ ചെയര്‍മാനായിരുന്ന മിസ്ത്രി പിന്നീട് വലിയ നിയമയുദ്ധത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പ് വിട്ടത്. സുപ്രിംകോടതിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.
രണ്ട് പേര്‍ക്കുമിടയില്‍ വലിയ വിടവുണ്ടാക്കുന്നതില്‍ ചിലര്‍ പങ്കുവഹിച്ചതായും രാജന്‍ കുറ്റപ്പെടുത്തി. ഓരോരുത്തര്‍ക്കും ആവശ്യമായ ക്രെഡിറ്റ് നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന ആളാണ് മിസ്്ത്രിയെന്നും അദ്ദേഹം ഓര്‍ത്തു.
2012 ഡിസംബറില്‍ രത്തന്‍ ടാറ്റ വിരമിച്ചതിനുശേഷമാണ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്നത്. ടാറ്റയിലെ പ്രധാന നിക്ഷേപകരായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് മിസ്ത്രി കമ്പനിയുടെ തലപ്പത്തെത്തുന്നത്. നിര്‍മാണരംഗത്ത് ഭീമന്മാരാണ് ഷപൂര്‍ജി പല്ലോണ്‍ജി.
2006ല്‍ പിതാവ് പല്ലോണ്‍ജി മിസ്ത്രിക്കു സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ മിസ്ത്രി കയറുന്നത്. 2016 ഒക്ടോബര്‍ 24ന് ടാറ്റ മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കി. ഡയറക്ടര്‍ ബോര്‍ഡില്‍ വോട്ടിനിട്ടായിരുന്നു നടപടി.
ടാറ്റ സണ്‍സ് നടപടി സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം ശരിവച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജി കഴിഞ്ഞ മേയില്‍ സുപ്രിംകോടതി തള്ളി.

