റോഡിലെ കുഴിയില്‍ വീണ് അപകടം: വീഴ്ച സമ്മതിച്ച് കരാര്‍ കമ്പനി

Update: 2022-08-06 19:38 GMT

കൊച്ചി: അങ്കമാലി- ആലുവ ദേശീയപാതയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. മഴ കാരണമാണ് കുഴി അടയ്ക്കുന്നതില്‍ വീഴ്ചവന്നതെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ കുഴികളെല്ലാം അടയ്ക്കും. മഴ മാറിയാല്‍ കൂടുതല്‍ ഉറപ്പുള്ള ബിറ്റുമിന്‍ ടാര്‍ മിക്‌സ് ഉപയോഗിച്ച് കുഴികള്‍ പൂര്‍ണമായി അടയ്ക്കും.

മരിച്ച ഹാഷിമിന്റെ കുടുംബത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നത് സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ദാരുണസംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട കോടതി, ദേശീയപാതയിലെ കുഴികള്‍ അടിയന്തരമായി അടക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇതുസബന്ധിച്ച ഉത്തരവിട്ടത്. കോടതി അവധിയായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹരജിയില്‍ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുഖേനയാണ് പാലക്കാട്ടെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍, ദേശീയപാത കേരള റീജനല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. കോടതി ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ ഉടനടി കുഴിയടക്കല്‍ തുടങ്ങിയിരുന്നു.

Tags: