മോക്ഡ്രില്ലിനിടെ മണിമലയാറ്റില്‍ അപകടം; യുവാവ് ഗുരുതരാവസ്ഥയില്‍

Update: 2022-12-29 07:44 GMT

പത്തനംതിട്ട: മണിമലയാറിന് കുറുകെ പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തില്‍ അഗ്‌നിശമനസേന നടത്തിയ മോക്ഡ്രില്ലിനിടെ പ്രദേശവാസിയായ ഒരാള്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. തുരുത്തിക്കാട് കാക്കരക്കുന്നേല്‍ പാലത്തിങ്കല്‍ ബിനു സോമനാണ് (34) അപകടത്തില്‍പ്പെട്ടത്. മണിമലയാറുമായി ബന്ധപ്പെട്ട് വെള്ളത്തില്‍ വീണ് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനം പരിശീലിപ്പിക്കാന്‍ നാട്ടകാരുടെ സഹായത്തോടെയാണ് ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സ് സംഘം, പോലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലത്തെത്തിയത്.

ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീമും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണസേനയും സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും തുരുത്തിക്കാട് ബിഎഎം കോളജിലെ എന്‍സിസി കേഡറ്റുകള്‍ അടക്കമുള്ള വിദ്യാര്‍ഥികളെയും മോക്ഡ്രില്ലിന് ഉള്‍പ്പെടുത്തിയായിരുന്നു. ഡിങ്കി ബോട്ടുകളില്‍ മണിമലയാറ്റിലിറങ്ങിയ എന്‍ഡിആര്‍എഫ് അംഗങ്ങള്‍ നാട്ടുകാരോട് വെള്ളത്തിലിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതെത്തുടര്‍ന്നാണ് നാലുപേര്‍ വെള്ളത്തിലിറങ്ങിയത്. രക്ഷാപ്രവര്‍ത്തനം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി നാലുപേരെ മറുകരയില്‍ നിന്നു ഫയര്‍ഫോഴ്‌സ് ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബിനു നദിയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ചെളിനിറഞ്ഞ ഭാഗത്തേക്ക് താഴ്ന്നുപോയ ബിനുവിനെ അരമണിക്കൂറിനുശേഷമാണ് കണ്ടെത്താനായത്. അവശനായ ബിനുവിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

Tags:    

Similar News