ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

അരീക്കോട് ആലുക്കല്‍ പനച്ചിത്തൊടി രാജന്‍ കന്നത്തൊടി റീജ ദമ്പതികളുടെ മകന്‍ അരുണ്‍ (20) ആണ് മരിച്ചത്.

Update: 2021-03-26 15:57 GMT

അരീക്കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ അരീക്കോട് പെരുംപറമ്പ് സുല്ലമുസ്സലാം സയന്‍സ് കോളജ് പരിസരത്തു വെച്ച് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. അരീക്കോട് ആലുക്കല്‍ പനച്ചിത്തൊടി രാജന്‍ കന്നത്തൊടി റീജ ദമ്പതികളുടെ മകന്‍ അരുണ്‍ (20) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അരുണ്‍ യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന്നാട്ടുകാര്‍ ചേര്‍ന്ന് അരുണിനെയും, അപകടത്തില്‍ പെട്ടവരെയും ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ അരുണിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ അരുണ്‍ ഒരു ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തയും ഇന്നലെ രാവിലെ 10 മണിയോടെ മരണപെടുകയും ചെയ്തു.

അപകടത്തില്‍ പെട്ട മറ്റ് രണ്ട് പേരും ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അരുണിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. എസ്എഫ്‌ഐ അരീക്കോട് ഏരിയ ജോയിന്‍ സെക്രട്ടറി അരുണിന്റെ മൃതദേഹം ഒരു മണിക്കൂര്‍ നേരം അരീക്കോട് ആലുക്കലില്‍ അമ്മ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകീട്ടോടെ അച്ഛന്റെ വീടായ മഞ്ചേരിയില്‍ സംസ്‌കരിച്ചു.