മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ അപകടം; കേന്ദ്ര മന്ത്രി കത്രയിലേക്ക്; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Update: 2022-01-01 06:45 GMT

കത്ര: ജമ്മു കശ്മീരിലെ കത്രയില്‍ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മേജര്‍ സിന്‍ഹ അന്വേഷണം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി(ആഭ്യന്തരം), എഡിജിപി(ജമ്മു), ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേജര്‍ സിന്‍ഹ 10 ലക്ഷം നഷ്ടപരിഹാരം പ്രഖാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. കേന്ദ്ര സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ലഭിക്കും.

'മരണങ്ങളില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് കത്രയിലേക്ക് പുറപ്പെട്ടു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച തീര്‍ത്ഥാടനം പുനരാരംഭിച്ചു.

എല്ലാവരും ശാന്തരായിരിക്കണമെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും മുഖ്യപുരോഹിതന്‍ പണ്ഡിറ്റ് സുദര്‍ശന്‍ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. 

ഇന്ന് (ശനിയാഴ്ച) രാവിലെയാണ് അപകടം നടന്നത്. സംഭവത്തില്‍ 12 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. പ്രവേശനാനുമതിയില്ലാതെ നിരവധി പേര്‍ എത്തിയതാണ് അപകടത്തിനു കാരണം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

മൂലസ്ഥാനത്തിനു പുറത്താണ് അപകടമുണ്ടായത്. ത്രികുത കുന്നിനുമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

Tags:    

Similar News