കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ പ്രവേശനാനുമതി

Update: 2020-12-03 14:29 GMT
കോഴിക്കോട്: ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും നാളെ മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കലക്ടര്‍ സാംബ ശിവ റാവു അനുമതി നല്‍കി.


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. സന്ദര്‍ശകര്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൃത്യമായ ഇടവേളകളില്‍ ഇവിടങ്ങളില്‍ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഇവ ലംഘിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും പോലീസ് പരിശോധന നടത്തുകയും അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി. ടി. പി. സി സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കാണ്.