അട്ടപ്പാടി ഊരുകളിലെ പ്രവേശനം കര്‍ശനനിയന്ത്രണത്തോടെ; ഐ.ടി.ഡി.പി. ദ്രുതകര്‍മ്മ സേനയും രംഗത്ത്

Update: 2021-05-17 09:55 GMT

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫിസര്‍ വി. കെ.സുരേഷ്‌കുമാര്‍ അറിയിച്ചു. ഊരുകളില്‍ നിന്ന് പുറത്തു പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നതും പരിശോധിക്കുന്നുണ്ട്.

ഊരു നിവാസികള്‍ പുറത്ത് പോവാതിരിക്കാനായി ഊരുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ ഐ.ടി.ഡി.പി. ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കൂടാതെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അവശ്യമരുന്നുകള്‍ എത്തിക്കുന്നതായും ഊരുകള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.

ഊരുകളില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി തുടരുന്നുണ്ട്. ജില്ലാ കളക്ടര്‍ മൃണ്‍മയി ശശാങ്ക്, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അട്ടപ്പാടി നോഡല്‍ ഓഫിസര്‍ കൂടിയായ അര്‍ജുന്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാളെയും മറ്റനാളെയുമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടരുന്നതാണ്. 

Similar News