തമിഴ്‌നാട്ടില്‍ ക്ലാസ്മുറിയിലെ എസി പൊട്ടിത്തെറിച്ചു

Update: 2022-08-24 00:58 GMT

ഈറോഡ്: തിരുനഗറിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ഈറോഡ് തിരുനഗര്‍ കോളനിയിലെ കോര്‍പറേഷന്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസിലിരിക്കുന്ന സമയത്ത് എസിയില്‍ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് ഉഗ്രശബ്ദത്തോടുകൂടി എസിയും മുറിയിലെ മറ്റ് വൈദ്യുതോപകരണങ്ങളും പൊട്ടിത്തെറിച്ചു. വിദ്യാര്‍ഥികളെ അധ്യാപകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ അപകടമൊഴിവായി.

സംഭവത്തില്‍ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അരുണാദേവി സ്‌കൂളിന്റെ ഒന്നാം നിലയിലെ സ്മാര്‍ട്ട് ക്ലാസ് റൂം തുറക്കുകയും ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി എസി ഓണ്‍ ചെയ്യുകയും ചെയ്തു. എസിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നതോടെ ജീവനക്കാരെ വിവരമറിയിച്ചു. അപ്പോഴേക്കും തീ ആളിപ്പടരുകയും എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തില്‍ ക്ലാസ് മുറിയിലെ കുറച്ച് കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ന്നു.

സംഭവം നടക്കുമ്പോള്‍ ഏതാനും വിദ്യാര്‍ഥികള്‍ മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്നും ഇവരെ സ്ഥലം മാറ്റിയതായും സ്‌കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുക അണച്ചു. പോലിസും കോര്‍പറേഷന്‍ അധികൃതരും സ്ഥലത്തെത്തി ക്ലാസ് മുറി പരിശോധിച്ചു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ഈ സ്‌കൂളില്‍ ആകെ 294 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഈറോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ജോതി ചന്ദ്ര പറഞ്ഞു. എന്നാല്‍, ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.

Tags: