സംസ്ഥാനത്തെ രോഗബാധിതരില്‍ 90 ശതമാനം പേരും രോഗമുക്തരായി

Update: 2020-11-30 16:21 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനം പേരും രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു ലക്ഷത്തില്‍പരം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്.

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് ഏകദേശം 62,000 ആളുകളാണ്. ഒക്ടോബര്‍ മാസത്തിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 25ന് ഏതാണ്ട് 97,000 പേര്‍ ഒരേസമയം ചികിത്സയില്‍ ഉണ്ടായിരുന്നു. ആ സാഹചര്യത്തില്‍നിന്നും ഒരേസമയം ചികിത്സയിലുള്ള ആളുകളുടെ എണ്ണത്തില്‍ ഏതാണ്ട് 35,000 പേരുടെ കുറവാണ് ഇപ്പോള്‍ കാണുന്നത്. ഒക്ടോബറില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.

എന്നാല്‍, രോഗികളുടെ എണ്ണം വര്‍ദ്ധിച്ച വേഗത്തില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നില്ല. മാത്രമല്ല, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടുക്കി, വയനാട്, കോട്ടയം തുടങ്ങിയ ചില ജില്ലകളില്‍ കേസുകള്‍ കൂടുതലായിട്ടുമുണ്ട്. തിരഞ്ഞെടുപ്പും മറ്റു പല ആഘോഷങ്ങളും നടക്കുന്ന ഘട്ടമായതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഇന്ന് സംസ്ഥാനത്ത് 3382 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരണമടഞ്ഞു. 61,894 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2880 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 405 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 34,689 സാംപിളുകള്‍ പരിശോധന നടത്തി. 6,055 പേര്‍ രോഗമുക്തരായി.