യുപിയില്‍ 75 ശതമാനം കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് പുറത്ത്

Update: 2021-07-07 05:20 GMT

ഗൊരഖ്പൂര്‍: യുപിയില്‍ ദരിദ്രകുടുംബങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. സ്മാര്‍ട്ട് ഫോണുകളുടെ ലഭ്യതക്കുറവ്, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ ഇതൊക്കെ ചേര്‍ന്ന് വെറും 25 ശതമാനം പേര്‍ക്കു മാത്രമാണ് ക്ലാസ്സുകളില്‍ ചേരാനാവുന്നതെന്ന് വിദ്യാലയങ്ങളിലെ അധ്യാപകരെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

പല കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് വലിയ വില കൊടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാനുള്ള ശേഷിയില്ലെന്ന് ഗൊരഖ്പൂരിലെ അമിത് റായി എന്ന അധ്യാപകന്‍ പറഞ്ഞു.

ഒരു ക്ലാസ്സില്‍ 70-80 കുട്ടികളാണ് ഉള്ളത്. എന്നാല്‍ ആകെ 15-16 കുട്ടികള്‍ക്ക് മാത്രമാണ് ക്ലാസ്സുകള്‍ ലഭിക്കുന്നത്. 70-75 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണുകളോ നെറ്റ് വര്‍ക്കോ ഇല്ല. കുട്ടികളുടെ കുടുംബങ്ങളിലെ സാമ്പത്തികസ്ഥിതി അതിനവരെ അനുവദിക്കുന്നുമില്ല- ഇതേ അധ്യാപകന്‍ പറഞ്ഞു.

ചില കേസുകളില്‍ ഒരു ഫോണ്‍ വച്ച് കൂടതല്‍ പേര്‍ ക്ലാസ്സില്‍ കയറേണ്ട പ്രശ്‌നവുമുണ്ട്.

പല കുടുംബങ്ങളിലും ആകെ ഒരു ഫോണാണ് ഉള്ളത്. ആ ഫോണ്‍ തന്നെയാണ് രക്ഷിതാക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്കും കുട്ടികള്‍ പഠനത്തിനും ഉപയോഗിക്കുന്നത്. കുടുംബത്തിലെ ഓരോ കുട്ടികളും ഒരാള്‍ക്കുപുറമെ മറ്റൊരാളെന്ന മട്ടില്‍ പഠിക്കേണ്ടിവരുന്നു.

യുപിയില്‍ മാത്രമല്ല, പിന്നാക്ക കുടുംബങ്ങളിലെയും പിന്നാക്കപ്രദേശങ്ങളിലെയും കുട്ടികള്‍ക്കാണ് ഈ പ്രശ്‌നം ഗുരുതരമായി അനുഭവപ്പെടുന്നത്.