പാകിസ്താന്‍ 'ഭീകരരെ' നിയന്ത്രിക്കുന്നില്ല, അഫ്ഗാനില്‍ 6,500 പാക് 'ഭീകരര്‍'; പാകിസ്താനെ വിമര്‍ശിച്ച് യുഎന്‍ റിപോര്‍ട്ട്
ബ്രസ്സല്‍സ്: അഫ്ഗാനിസ്താന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ചുരുങ്ങിയത് 6,500 പാകിസ്താനി 'ഭീകര'രുണ്ടെന്നും ഇത് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും ചോദ്യംചെയ്യുന്നതാണെന്നും ഐക്യരാഷ്ട്രസഭ. യൂറോപ്യന്‍ യൂണിയന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി റിപോര്‍ട്ടിലാണ് ഈ വിമര്‍ശനം.
താലിബാനെയും അതുമായി ബന്ധപ്പെട്ട സംഘടനകളെയും വ്യക്തികളെയും പേരെടുത്തു പറഞ്ഞിട്ടുളള റിപോര്‍ട്ട് ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, തെഹ്‌റികെ താലിബാന്‍ തുടങ്ങിയ പാകിസ്താന്‍ സംഘടനകളാണ് അഫ്ഗാനിലുള്ള ഭീകരര്‍ക്ക് പരിശീലനം അടക്കമുള്ളവ നല്‍കുന്നതെന്നാണ് ആരോപിക്കുന്നത്. യുഎന്‍ അനലറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാംങ്ഷന്‍ മോണിറ്ററിങ് ഗ്രൂപ്പാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
തകര്‍ന്ന അഫ്ഗാനെ പുനരുദ്ധരിക്കുന്നതില്‍ ഇത്തരം ഗ്രൂപ്പുകളുടെ സാന്നിധ്യം താലിബാനു മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. അഫ്ഗാനിലെ പാകിസ്താന്‍ താല്പര്യങ്ങളെയും അതിന് സാധ്യതയൊരുക്കുന്നതില്‍ പാകിസ്താന്‍ ചാരസംഘടയായ ഐഎസ്‌ഐയുടെ പങ്കിനെ കുറിച്ചും സൂചനയുണ്ട്.
തന്റെ രാജ്യത്ത് കഴിഞ്ഞ 15 വര്‍ഷമായി വിവിധ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇതിനെ കുറിച്ച് മുന്‍കാലങ്ങളില്‍ അധികാരത്തിലിരുന്നവര്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ജൂലൈ 2019ന് മൂന്നു ദിവസത്തെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനെത്തിയ സമയത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തുറന്നുപറഞ്ഞിരുന്നു. തന്റെ പാര്‍ട്ടി അധികാരത്തിലെത്തുന്നതുവരെ ആര്‍ക്കും ഇതിനെതിരേ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും അതിനുളള രാഷ്ട്രീയദൃഢത പ്രകടിപ്പിച്ചില്ലെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ അതിര്‍ത്തി കടന്ന തീവ്രവാദത്തെ കുറിച്ച് സംസാരിക്കുന്ന സമയത്തു പോലും പാകിസ്താന്റെ 30,000-40,000 സൈനികര്‍ അഫാനിസ്താനിലും കശ്മീരിലും പോരാടുകയായിരുന്നു. 2014 ല്‍ പാകിസ്താന്‍ താലിബാന്‍ പെഷവാറിലെ 150 സ്‌കൂള്‍ കുട്ടികളെ കൊന്നൊടുക്കി. രാജ്യം ഒരു തീവ്രവാദ സായുധ ഗ്രൂപ്പിനെയും പിന്തുണയ്‌ക്കേണ്ടെന്ന് അതിനു ശേഷം ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു, അതുമായി ബന്ധപ്പെട്ട ഒരു ദേശീയ ആക്ഷന്‍ പ്ലാനും ഒപ്പുവച്ചു- ഇമ്രാന്‍ഖാന്‍ അമേരിക്കന്‍ അധികാരികളോട് പറഞ്ഞിരുന്നു.
പാരിസ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നാണ് മറ്റൊരു ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് ജി 7 രാജ്യങ്ങളുടെ മുന്‍കൈയില്‍ 1989ല്‍ സ്ഥാപിതമായ ഒരു അന്തര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഇത് ഗ്രൂപ് ഡി ആക്ഷന്‍ ഫിനാന്‍സിയര്‍ എന്നും അറിയപ്പെടുന്നു.
പണം വെളിപ്പിക്കുന്നതും ഭീകരത കയറ്റിയയയ്ക്കുന്നതും തടയാന്‍ കഴിയാത്ത രാജ്യമാണ് പാകിസ്താനെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ റിപോര്‍ട്ടിലും അതാവര്‍ത്തിക്കുന്നു. 'ഭീകരത'യെ നിയന്ത്രിക്കാന്‍ കഴിയാത്ത രാജ്യമെന്ന നിലയില്‍ ഗ്ലോബല്‍ റേറ്റിങ്ങില്‍ പാകിസ്താന്‍ വളരെ താഴെ നിലയിലാണെന്നും കുറ്റപ്പെടുത്തുന്നു.
സൈനിക ഗ്രൂപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്നത് തടയുന്ന കാര്യത്തില്‍ പരാജയമാണെന്ന് ആരോപിച്ച് എഫ്എടിഎഫ് പാകിസ്താനെ 2018ല്‍ സംശയാസ്പദമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീകരത സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട വിലക്കുകള്‍ നടപ്പാക്കുന്നില്ലെന്നാണ് മറ്റൊരു ആരോപണം.
എഫ്എടിഎഫിന്റെ അവസാന വട്ട വിലയിരുത്തല്‍ നടന്ന ശേഷം ലോകത്ത് നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഭീകരസംഘടനകളെന്ന് യുഎന്‍ പ്രഖ്യാപിച്ച ഗ്രൂപ്പുകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തുനിന്ന് വിവിധ രീതിയില്‍ പണം കണ്ടെത്തുന്നുണ്ടെന്നും എഫ്എടിഎഫ് ആരോപിച്ചിട്ടുണ്ട്.

